Site icon Root ScoopI Kerala News I National News

വീട്ടിനുള്ളില്‍ ലൈബ്രറി ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരമൊരിടം ഒരുക്കുന്നതിന്‍റെ പ്രാധാന്യം ഏറെ വലുതാണ്. വീട്ടിലെ ലൈബ്രറിയ്ക്കായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആദ്യമായി വീട്ടില്‍ എവിടെയാകണം ലൈബ്രറി എന്നതാണ് തീരുമാനികേണ്ടത്. മിക്കപ്പോഴും പഠനമുറിയോട് ചേര്‍ന്നാകണം ലൈബ്രറി. പുസ്തകങ്ങള്‍ അടുക്കി ഷെല്‍ഫില്‍ വയ്ക്കുന്നത് ഭംഗിയോടൊപ്പം ഒരു അടുക്കും ചിട്ടയും തോന്നുന്നതിന് ഷെല്‍ഫുകളില്‍ വെയ്ക്കുന്നതാകും നല്ലത്. കൂടാതെ ഏതു പുസ്തകം എവിടെയാണ് ഇരിക്കുന്നതെന്ന് എളുപ്പത്തില്‍ മനസിലാക്കുന്നതിനും ഇത് സഹായിക്കും.

മാഗസിനുകളും പത്രങ്ങളും സൂക്ഷിക്കാന്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉപയോഗിക്കാം. തുറന്ന ഷെല്‍ഫുകള്‍, അടച്ച ഷെല്‍ഫുകള്‍ എന്നിങ്ങനെ രണ്ട് രീതിയില്‍ ഷെല്‍ഫുകള്‍ പണിയാം. പഴയ പുസ്തകങ്ങള്‍ അടച്ച ഷെല്‍ഫിലും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബുക്കുകളും തുറന്ന ഷെല്‍ഫിലും സൂക്ഷിക്കാം.

അധികം വെയില്‍ ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ഷെല്‍ഫ് വേണ്ട. ഇത് വെയിലേറ്റു പുസ്തകങ്ങള്‍ മങ്ങാന്‍ കാരണമാകും. നനവോ എണ്ണമയമോ ഉള്ള കൈ കൊണ്ട് ഒരിക്കലും ബുക്കുകള്‍ എടുക്കരുത്. ഇത് പുസ്തകങ്ങള്‍ കേടാകാന്‍ കാരണമാകും. പുസ്തകങ്ങളുടെ പേരിന്‍റെ ക്രമത്തിലോ എഴുത്തുകാരന്‍റെ പേരിന്‍റെയോ അക്ഷരമാലാ ക്രമത്തിലോ പുസ്തകങ്ങള്‍ അടുക്കാവുന്നതാണ്.

ലൈബ്രറി ഒരുക്കുന്ന മുറിയില്‍ ചെറിയ ഡെസ്‌ക്, ചാരുകസേര എന്നിവയും സജ്ജമാക്കാം. നല്ല വായുസഞ്ചാരമുള്ള മുറിയില്‍ ലൈബ്രറി ഒരുക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. അതുപോലെ നല്ല വെളിച്ചസംവിധാനം ഉള്ള സ്ഥലമാകണം ലൈബ്രറി.

Exit mobile version