ബാലുശ്ശേരി: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി സുരേന്ദ്രന്. ബാലുശ്ശേരി പുത്തൂര്‍വട്ടം മുണ്ടാടിച്ചാലില് സുരേന്ദ്രനാണ് പ്രദേശത്തെ കോവിഡ് രോഗികള്‍ക്ക് ആശ്വാസവും തുണയുമായി സദാ ഓടിനടക്കുന്നത്. കോവിഡ് രോഗിയെന്നറിയുമ്ബോള് തന്നെ മാറി നടക്കുകയും ഭീതിയോടെ കാണുകയും ചെയ്യുന്ന നാട്ടുകാര്‍ക്കിടയില്‍ മാതൃകയാകുകയാണ് കോവിഡ് കാലത്തെ സുരേന്ദ്രന്‍െറ സേവനങ്ങള്‍.
രാവിലെ തന്നെ പി.പി.ഇ കിറ്റ് ധരിച്ച് ഇറങ്ങുന്ന സുരേന്ദ്രന് പ്രദേശത്ത് കോവിഡ് ലക്ഷണങ്ങളുള്ളവരെ പരിശോധനക്കെത്തിക്കാനും കോവിഡ് ബാധിച്ചവരെ ചികിത്സക്കായി കൊണ്ടുപോകാനും വാഹനമടക്കമുള്ള സഹായങ്ങളാണ് ചെയ്തുവരുന്നത്. പി.പി.ഇ കിറ്റ് ധരിക്കുന്നതിനാല്‍ ഭക്ഷണംപോലും കഴിക്കാതെയുള്ള സുരേന്ദ്രന്‍െറ സേവനപ്രവര്‍ത്തനം പലപ്പോഴും ഇരുട്ടാകുന്നതോടെയാണ് അവസാനിക്കുക.
ഗ്രാമപഞ്ചായത്തിന്‍െറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. പള്ളിക്കണ്ടി ജി.യു.പി സ്കൂളില്‍ പാര്‍ട്ട്ടൈം ജീവനക്കാരനായി ജോലി ചെയ്യുന്ന സുരേന്ദ്രന് ഇപ്പോള്‍ സ്കൂളില്‍ പോകാനില്ലാത്തതിനാല്‍ മുഴുസമയവും സേവനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കയാണ്.