ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്നും ഡല്‍ഹി പതിയെ മോചിതമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ ആശുപത്രികളില്‍ ബെഡ്ഡുകള്‍ക്കും ഐസിയുവുകള്‍ക്കും ഒഴിവ് വരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിക്ക് ആശ്വസം നല്‍കിക്കൊണ്ട് രോഗികളുടെ എണ്ണത്തിലും പോസിറ്റീവിറ്റി നിരക്കിലും കാര്യമായ കുറവ് വന്നിരിക്കുകയാണ്.
ഏപ്രില്‍ 5 ന് ശേഷം ആദ്യമായി ദിനംപ്രതി കോവിഡ് രോഗികളുടെ കണക്കില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവിറ്റി നിരക്കിലും കാര്യമായ കുറവ് വന്നു. 4482 കേസുകളും 265 മരണങ്ങളുമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോസിറ്റീവിറ്റി നിരക്ക് 6.89 ശതമാനമായും കുറഞ്ഞു. കോവിഡ് രോഗികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഒഴിവ് വന്ന ബെഡ്ഡുകളുടെ എണ്ണം 12,907 ആയി കൂടി. ഉപയോഗത്തിലുള്ള ബെഡ്ഡുകളുടെ എണ്ണം 14,805 ആയും കുറഞ്ഞു.
രണ്ടാം തരംഗത്തില്‍ പ്രശ്‌നം രൂക്ഷമായപ്പോള്‍ ഐടിബിപി, ഡിആര്‍ഡിഒ വിഭാഗം അധികമായി നല്‍കിയ ബെഡ്ഡുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഐടിബിപിയുടെ സൗകര്യം 271 ല്‍ നിന്നും 229 ആയി കുറഞ്ഞു. ഡിആര്‍ഡിഒ നല്‍കിയ 500 ഐസിയു ബെഡ്ഡില്‍ 269 ും വേക്കന്റായി.
യെമുനാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഒരുക്കിയിരുന്ന കോവിഡ് കെയര്‍ സെന്ററില്‍ 800 ബെഡ്ഡുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ളത് വെറും 62 ബെഡ്ഡുകളേയുള്ളൂ. ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുളള കോവിഡ് കെയര്‍ സംവിധാനങ്ങളില്‍ നേരത്തേ പോസിറ്റീവിറ്റി 40 ശതമാനം വരെ എത്തിയിരുന്നിടത്താണ് ഇപ്പോള്‍ ആറായി കുറഞ്ഞിരിക്കുന്നത്. അതേസമയം മരണനിരക്കില്‍ കാര്യമായ വ്യത്യാസം ഇല്ല. ഇന്നലെ 24 മണിക്കൂറിനിടയില്‍ മരണം 265 ആയിരുന്നു. ഇതോടെ മൊത്തം മരണം 2020 മുതല്‍ കോവിഡ് തുടങ്ങിയ ശേഷം മരണം 22,111 ആയി.