ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങള്‍ മുംബൈ നഗരത്തെ വലിയ രീതിയിലാണ് ബാധിച്ചത്. മിക്കവാറും സ്ഥലങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ആളുകള്‍ക്ക് കഴിയുന്നത്ര വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദ്ദേശം ഭരണകൂടം നല്‍കുകയും ചെയ്തു. പ്രകൃതിക്ഷോഭം ഉണ്ടാക്കിയ കെടുതികളെ അതിജീവിക്കാന്‍ രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനം കഷ്ടപ്പെടുമ്ബോള്‍ പ്രധാനപ്പെട്ട ഒരു കാഴ്ച എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സമുദ്രത്തില്‍ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞ വളരെ ഗൗരവതരമായ കാഴ്ചയാണ് അത്.
അടിയന്തിരമായി മാലിന്യ നിര്‍മാര്‍ജനത്തിന് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ കാഴ്ച ചൂണ്ടിക്കാട്ടുന്നത്. നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറം സമുദ്രങ്ങള്‍ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മാലിന്യക്കൂനകളുടെ ചിത്രങ്ങള്‍ പറയാതെ പറയുന്നത്. ചുഴലിക്കാറ്റ് അടങ്ങിയതിന് ശേഷം നാല് വലിയ ട്രക്ക് മാലിന്യങ്ങള്‍ ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (ബി എം സി) ഔദ്യോഗിക വക്താവ് അറിയിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഏതാനും കല്ലുകള്‍ ചുഴലിക്കാറ്റിന്റെ ആഘാതം മൂലം ഇളകിത്തെറിച്ചു പോയിട്ടുണ്ട്. ഒപ്പം അവിടത്തെ ഫുട്പാത്തിനും ചെറിയ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്,” മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഈ സ്ഥലത്ത് ബാരിക്കേഡുകള്‍ വെച്ച് ആളുകളുടെ പ്രവേശനം തടഞ്ഞതായും അറ്റകുറ്റപ്പണികള്‍ക്കായി ഇളകി മാറിയ കല്ലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ മേയര്‍ കിഷോരി പട്നേക്കറും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്ത് ഉണ്ടായ കേടുപാടുകള്‍ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവിന് സമീപം കടലില്‍ നിന്നുള്ള ടണ്‍ കണക്കിന് മാലിന്യങ്ങളാണ് അടിഞ്ഞു കൂടിയതെന്ന് അദ്ദേഹം പറഞ്ഞു.
“ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പ്രധാന ഘടനയ്ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. പക്ഷെ സമുദ്രത്തെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന സുരക്ഷാ മതിലിനും ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഇരുമ്ബ് തൂണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടല്‍ തിരമാലകളുടെയും കാറ്റിന്റെയും ശക്തി മൂലം ചില കല്ലുകള്‍ ഇളകി അഞ്ച് മീറ്ററോളം അകലത്തില്‍ തെറിച്ചു വീണിട്ടുണ്ട്,” പട്നേക്കര്‍ പി ടി ഐയോട് പറഞ്ഞു.
ട്വിറ്ററില്‍ നിരവധി ആളുകളാണ് ചുഴലിക്കാറ്റിനു ശേഷം മുംബൈയില്‍ കടല്‍ത്തീരങ്ങളില്‍ മാലിന്യം അടിഞ്ഞു കൂടിയതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. “നിങ്ങള്‍ പ്രകൃതിയ്ക്ക് എന്താണോ നല്‍കിയത്, അത് പ്രകൃതിയും അതേ അളവില്‍ തിരികെ നല്‍കുന്നു. സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ നദികളിലും കടലിലും മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ദയവായി ഉറപ്പു വരുത്തുക” എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് മാലിന്യക്കൂനയുടെ ചിത്രത്തിന് ക്യാപ്ഷ്യനായി എഴുതിയത്.