തിരുവനന്തപുരം: കൊവിഡ് സാഹചര്യം നിലനില്‍ക്കെ അഞ്ഞുറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വലിയ വേദിയാണെന്നും, ഇത്തരമൊരു ചടങ്ങിന് 500 വലിയ സംഖ്യയല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ഇപ്പോഴിതാ വിവാഹത്തിന് അഞ്ഞൂറ് പേരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അപേക്ഷ നല്‍കിയിരിക്കുകയാണ്.വിവാഹ ചടങ്ങില്‍ 500 പേരെ പങ്കെടുക്കാന്‍ പൊലീസിന്റെ അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ്. അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവാണ് ചിറയിന്‍കീഴ് പൊലീസിന് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷയില്‍ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്. ഇന്നലെ രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേംസിത്താര്‍ എന്നിവരോടൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളില്‍ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിന്‍കീഴ് എസ്‌ഐ നൗഫലിനെ നേരില്‍ക്കണ്ട് അപേക്ഷ നല്‍കിയത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂണ്‍ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.