വിശാലമായ അകത്തളങ്ങളും കിടപ്പുമുറികളും ഉള്ള വീടുകള്‍ ശീലമായ മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രശ്‌നം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകളിലെ സ്ഥല പരിമിതി മറികടക്കാന്‍ സഹായിക്കും. ഇതാ ചെറിയ അപ്പാര്ട്ട്‌മെന്റുകള് അലങ്കരിക്കാനുള്ള പത്ത് വിദ്യകള്‍.
ഒന്ന് വളച്ച് കൊടുക്കുക
മിക്കവാറും അപ്പാര്‍ട്ട്‌മെന്‍റുകള്‍ ചതുരാകൃതിയിലായിരിക്കും. ചെറിയ ചില വളവുകള്‍ ഉണ്ടാകുന്നത് കുടുസ് മുറി എന്ന ഫീല്‍ ഒഴിവാക്കിത്തരും. വൃത്താകൃതിയിലുള്ള മേശകള്‍, അര്‍ദ്ധവൃത്താകൃതിയിലുള്ള കസേരകള്‍, വളയങ്ങളും പുള്ളികളും ഡിസൈന്‍ ആയുള്ള ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ ഉപയോഗിക്കാം.
ചവിട്ടികളും കാര്‍പ്പറ്റുകളും
കനം കുറഞ്ഞ ചവിട്ടികള്‍ക്ക് മുറിക്ക് കൂടുതല്‍ തുറസും വലിപ്പവും തോന്നിപ്പിക്കാനാകും. തടിച്ച ഇരുണ്ട കാര്‍പ്പറ്റുകള്‍ കൊണ്ട് കാര്യമില്ല. അപ്പാര്‍ട്ട്‌മെന്‍റിന്‍റെ ചുവര് അഴുക്ക് നിറഞ്ഞതോ വലിയ കാര്‍പ്പറ്റ് ഒട്ടിച്ചതോ ആണെങ്കില്‍ അതിനു മേലെ കനം കുറഞ്ഞ ചവിട്ടികള്‍ പോലുള്ളവ ഒട്ടിക്കാം.
കര്‍ട്ടനുകള്‍
കര്‍ട്ടനുകള്‍ ഉപയോഗിച്ച് അപ്പാര്‍ട്ട്‌മെന്റിനകത്ത് ചില ട്രിക്കുകള്‍ നടത്താം. ജനലിനു പുറത്തെ സാധാരണ ചുവരിലോ ഒക്കെ ഭംഗിയുള്ള കര്‍ട്ടനുകളിടുക. സീലിംഗ് മുതല്‍ തറ വരെ നീളത്തിലിടുന്നത് മുറിക്ക് ഉയരം തോന്നാന്‍ സഹായിക്കും.
ആനുപാതികമായി ഫര്‍ണീച്ചറുകള്‍
മുറിയുടെ വലിപ്പത്തിന് ആനുപാതികമായ വലിപ്പമുള്ള സോഫയോ കട്ടിലോ ഒക്കെ ഇടണം. ഒരൊറ്റ വലിപ്പമുള്ള ഫര്‍ണീച്ചര്‍ കൊണ്ട് മുറി നിറയ്ക്കരുത്. ഇടത്തരം വലിപ്പമുള്ളതോ ചെറുതോ ആയവ തിരഞ്ഞെടുക്കാം.
വെളിച്ചത്തിന്‍റെ കളി
മുറികളില്‍ എപ്പോഴും തെളിച്ചമുള്ള ലൈറ്റ് സംവിധാനം ഉണ്ടാക്കുക. നല്ല രീതിയിലുള്ള ലൈറ്റിംഗ് വലിപ്പം തോന്നിപ്പിക്കുക മാത്രമല്ല താമസിക്കുന്നവരുടെ മൂഡും നന്നാക്കും.
മുന്‍ഗണനാക്രമത്തില്‍ അടുക്കുക
ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്‍റിലെ ഓരോ സ്ഥലവും പ്രധാനമാണ്. ആവശ്യങ്ങളും മുന്‍തൂക്കങ്ങളും അനുസരിച്ച് മുക്കും മൂലയും സെറ്റ് ചെയ്യണം. ഓരോരുത്തര്‍ക്കും പല സമയത്തും കാര്യത്തിനും ആയിരിക്കും കൂടുതല്‍ സ്ഥലം വേണ്ടത്. ലിവിംഗ് ഏരിയയാണ് നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഇടമെങ്കില്‍ ഡൈനിംഗ് ഏരിയ ചുരുക്കി കുറച്ച് സ്ഥലം ഇങ്ങോട്ട് കൊടുക്കാം.
സ്റ്റോറേജ്
സ്‌റ്റോറേജ് ബുദ്ധിപരമായി ചെയ്താല്‍ മുഴുവന്‍ സാധനങ്ങളും അടുക്കി ഒതുക്കി വെക്കാം. കിടക്കയും സോഫയുമായി മാറി മാറി ഉപയോഗിക്കാവുന്ന ഫര്‍ണീച്ചറുകള്‍ വാങ്ങാം. കട്ടിലിന്‍റെ അടിഭാഗം, മേശയുടെ താഴ്‌വശം തുടങ്ങിയവയിലൊക്കെ സ്റ്റോറേജ് അലമാരികള്‍ ഉണ്ടാക്കാം.