ബാത്‌റൂമിലും പച്ചപ്പ്‌ ആയാലോ..

വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് ഇന്ന് ഒരു അലങ്കാരമായി തന്നെ മാറിക്കഴിഞ്ഞു. അവ കിടപ്പുമുറിയിലും എന്തിന് അടുക്കളയില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു, എന്നാല്‍ അവ നിങ്ങളുടെ ബാത്‌റൂമിലും എന്തുകൊണ്ടും വെയ്ക്കാവുന്നതേയുള്ളു.

ചില ചെടികള്‍ക്ക് ആകട്ടെ ഈര്‍പ്പം ആവശ്യമുള്ളതിനാല്‍ നിങ്ങളുടെ വീട്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്‌ ബാത്ത്റൂമില്‍ നന്നായി വളരുന്ന ധാരാളം സസ്യങ്ങള്‍ ഉണ്ട്. ചെടികള്‍ അലങ്കാര വസ്തു എന്നതിനുപരി, വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ വായു ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ബാത്റൂമിലേക്കായി ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ പ്രദാനം ചെയ്യുന്ന പരിസ്ഥിതികൂടി പരിഗണിക്കുക.

ചില സസ്യങ്ങള്‍ കുറഞ്ഞ വെളിച്ചമുള്ള ഇടങ്ങളിലും നന്നായി വളരുന്നു, ചിലതിന് ഈര്‍പ്പം ആവശ്യമുണ്ട് മറ്റു ചിലതാകട്ടെ വളരാന്‍ കൂടുതല്‍ സ്ഥലവും ആവശ്യമായി വരുന്നു. കുറഞ്ഞ വെളിച്ചത്തില്‍ നന്നായി വളരാന്‍ സാധിക്കുന്ന ചില മികച്ച സസ്യങ്ങള്‍ കറ്റാര്‍വാഴ, മുള, ഓര്‍ക്കിഡ്, സ്നേക്ക് പ്ലാന്‍റ്, സ്പൈഡര്‍ പ്ലാന്‍റ് എന്നിവയാണ്. എന്നാല്‍ ഇത് എവിടെ വെയ്ക്കണം എന്ന ആശയക്കുഴപ്പത്തില്‍ ആണോ എന്നാല്‍ അവ കൌണ്ടര്‍ ടോപ്പിലും, കോര്‍ണറിലോ, അതല്ല ഇനി ഒരു സ്റ്റാന്‍ഡ് വെയ്ക്കാനുള്ള സ്ഥലം ഉണ്ടെങ്കില്‍ അത് ഒരു നല്ല അലങ്കാരമാകും എന്ന് നിസംശയം പറയാം.

കറ്റാര്‍ വാഴ: ഇവ വളര്‍ത്താന്‍ അമിതമായ ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല, വല്ലപ്പോഴും വെള്ളം നല്‍കിയാലും ഇത്‌ വളര്‍ന്നോളും. ഇവയ്ക്കു സൂര്യപ്രകാശവും ആവിശ്യമില്ല അതുകൊണ്ട് തന്നെ ഇവ ബാത്‌റൂമില്‍ വെയ്ക്കാന്‍ പറ്റിയവയാണ്.

സ്‌നേക് പ്ലാന്‍റ്: ബാത്‌റൂമില്‍ വയ്ക്കാന്‍ പറ്റിയ ഒന്നാണ് സ്‌നേക് പ്ലാന്റ്. ഇവയ്ക്കു ചെറിയ അളവില്‍ വെളിച്ചവും വെള്ളവും വളരാന്‍ ആവിശ്യമാണ് എന്നാല്‍ ഇത് ബാത്‌റൂം വൃത്തിയാക്കുന്ന ലായനികളില്‍ അടങ്ങിയിരിയ്ക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് ഒഴിവാക്കും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

സ്‌പൈഡര്‍ പ്ലാന്‍റ്: ഇതും കാര്‍ബണ്‍ മോണോക്‌സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ വാതകങ്ങളെ അകറ്റും എന്നതാണ് പ്രത്യേകത. ഇത് ഏകദേശം 60 സെന്‍റീമീറ്റര്‍ ഉയരത്തില്‍ വളരുന്നു. ഇതിന് നീണ്ട ഇടുങ്ങിയ ഇലകളാണ് ഉള്ളത് എന്നാല്‍ ഇവ വളരാന്‍ പ്രത്യേകിച്ച്‌ പരിപാലനത്തിന്‍റെ ആവിശ്യം ഒന്നും തന്നെയില്ല.

മുള : ഇവ വളരെ പെട്ടെന്ന് വളരുന്ന ചെടിയാണ് അതിനാല്‍ തന്നെ അവയുടെ വളര്‍ച്ചയും നിങ്ങളുടെ ബാത്റൂമിലെ സ്ഥലപരിമിതി കൂടി കണക്കാക്കി പല ആകൃതിയില്‍ വെട്ടി കൊടുത്താല്‍ മാത്രം മതി.

ഓര്‍ക്കിഡ്: ഈര്‍പ്പമുള്ള ചുറ്റുപാടുകളില്‍ ഇവ നന്നായി വളരും , അവ മനോഹരമായ അലങ്കാര ചെടി കൂടിയാണ്. ഇവയുടെ പൂക്കള്‍ ആകട്ടെ പലതരം നിറങ്ങളില്‍ ലഭ്യമാണ്. വെള്ള നിറം ആണ് ഏറ്റവും ജനപ്രിയമായവ.

ഹാങ്ങിങ് ചെടികള്‍: ഇവ തൂണില്‍ നിന്നോ അല്ലെങ്കില്‍ ഹുക്കില്‍ നിന്ന് തൂക്കിയിട്ടാല്‍ നിങ്ങള്‍ക്ക് ധാരാളം ഇടം ലാഭിക്കാം. നിങ്ങളുടെ കുളിമുറിയില്‍ തൂങ്ങിക്കിടക്കുന്ന സസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ രസകരമായ വഴികള്‍ പരീക്ഷിക്കുകയും നിങ്ങള്‍ക്കു തന്നെ അവ കണ്ടത്തുകയും ചെയ്യാം.

നിങ്ങളുടെ ബാത്ത്റൂം ശരിക്കും ഒരു സ്പാ പോലെ അനുഭവപ്പെടാന്‍ , ഇങ്ങനെ ഉള്ള ചെടികള്‍ വെക്കുന്നതിനു പകരം ആവശ്യമെങ്കില്‍ വെര്‍ട്ടിക്കല്‍ പ്ലാന്‍റേഴ്‌സ് അല്ലെങ്കില്‍ ഒരു ഗ്രീന്‍ വാള്‍ ക്രമീകരിക്കുന്നത് ആവും ഉചിതം. അതിനായി ബാത്ത് ടബ്ബിന് തൊട്ടടുത്തെ മതില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം, ചില സ്പീഷിസുകള്‍ക്ക് ഊഷ്മളത വളരെയേറെ ആകാം, അതിനാല്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുക. എന്നാല്‍ അവയ്ക്ക് നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *