പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലെങ്കിലും ഡൈനിംഗ് റൂമുകൾ ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും എൻട്രിയും സ്റ്റെയറുമെല്ലാം ഇൗ സ്പേസിലാണ് സംഗമിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ് ഡൈനിങ് റൂം ഡിസൈൻ ചെയ്യാറുള്ളത്. ഡൈനിങ് റൂമിലെ പ്രധാനഘടകങ്ങളായ വാഷ്ബേസ്, ക്രോക്കറി ഷെൽഫ് എന്നിവയും അതിമനോഹരമായാണ് ഡിസൈനർമാർ ഒരുക്കുന്നത്.
ഡൈനിംഗ് റൂമിൽ പ്രധാനി ഉൗൺമേശ തന്നെയാണ്. മുറിയുടെ വലുപ്പത്തിനും കുടുംബാംഗങ്ങളുടെ എണ്ണത്തിനുമനുസരിച്ചുള്ള ടേബിൾ വേണം തെരഞ്ഞെടുക്കാൻ. ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുമ്പോൾ തന്നെ എത്ര സീറ്റുകൾ വേണമെന്ന് ഉറപ്പിക്കണം. സാധാരണയായി ഡൈനിംഗിന് ആറ് സീറ്റുകളാണ് ഉണ്ടാകുക. എന്നാൽ വലിയ കുടുംബമാണെങ്കിൽ എട്ടും പത്തും സീറ്റുള്ള ടേബിൾ വരെ ഒരുക്കേണ്ടിവരും. അത്തരം വീടുകളിൽ ഡൈനിംഗ് റൂം വലുതായി നിർമിക്കാൻ നേരത്തെ ഒാർമിപ്പിക്കണം.
ഉൗൺമേശയ്ക്ക് ചുറ്റും പ്രയാസമില്ലാതെ നടക്കാനുള്ള സ്ഥലം വേണം. ഊണുമേശകൾ പലവിധത്തിലുള്ളവ ഇപ്പോൾ സുലഭമാണ്. ഗ്ലാസിട്ടതും തടിയുടേതും അങ്ങനെ ഏതു തരവും നമുക്ക് തിരഞ്ഞെടുക്കാം. എന്നാൽ മുറിക്കും പെയിന്‍റിംഗിനും അനുയോജ്യമായവ തെരഞ്ഞെടുക്കുക. സൂര്യപ്രകാശവും വായുവും അകത്തളത്തിലേക്ക് കടന്നുവരുന്ന രീതിയിലാകണം ഊണുമുറിയിൽ വെന്‍റിലേഷൻ നൽകേണ്ടത്.
ഉൗണുമുറിയോടു ചേർന്നാണ് വാഷ്ബേസിന്‍ നൽകാറുള്ളത്. ഇന്നത് വാഷ് കൗണ്ടർ എന്നരീതിയിൽ അത്യാധുനിക സൗകര്യത്തോടുള്ള സ്പേസായാണ് ഡിസൈൻ ചെയ്യുന്നത്. ഡൈനിങ് സ്പേസിലേക്ക് കാണുന്ന രീതിയിൽ വാഷ്ബേസിൻ കൊടുക്കാതെ അൽപം മാറ്റിവെക്കുന്നതാണ് നല്ലത്.ഇതിന് പറ്റിയ സ്ഥലം നിർമാണ സമയത്ത് കണ്ടു പിടിക്കാവുന്നതാണ്.
സ്റ്റെയർകേസിന്റെ രണ്ടാമത്തെ ഫ്ലൈറ്റ് ഉള്ള സ്ഥലം സാമാന്യം ഉയരത്തിലാകുന്നതിനാൽ അവിടെ വാഷ്കൗണ്ടർ ഒരുക്കാം. അതല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലം വാഷ്കൗണ്ടർ ആയി വെക്കാവുന്നതാണ്. വാഷര്‍ കൗണ്ടര്‍ ഡിസൈനര്‍ ചെയ്യുമ്പോള്‍ അടിവശത്ത് സ്റ്റോറേജും നൽകാവുന്നതാണ്.