നിര്‍മ്മാണച്ചിലവ് കുറയ്ക്കും ഇന്‍റര്‍ലോക്കിങ് കട്ടകള്‍

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം നടത്തുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമുള്ള കാര്യവുമല്ല. വീടിന്‍റെ നിര്‍മ്മാണച്ചിലവും സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമൊക്കെ ഇതിനൊരു കാരണമാണ്.

വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍, വെട്ടുകല്ലിന്‍റെ ലഭ്യതക്കുറവും ഇഷ്ടികയുടെ വിലവര്‍ദ്ധനയും സാധാരണക്കാരന്‍റെ ബജറ്റിന് താങ്ങാനാവാത്തതാക്കി. ഈ സാഹചര്യത്തിലാണ് ഇന്റര്‍ലോക്കിങ്ങ് കട്ടകളുടെ പ്രാധാന്യം കൂടുന്നത്.

ഹൈഡ്രോളിക് പ്രസ്സില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ അമര്‍ത്തിയാണ് ഇന്‍റര്‍ലോക്ക് കട്ടകള്‍ നിര്‍മ്മിക്കുന്നത്. ചെങ്കല്‍പ്പൊടി, സിമന്‍റ്, രാസവസ്തുക്കള്‍ എന്നിവ ശരിയായ അനുപാതത്തില്‍ ചേര്‍ത്താണ് ഇവയുടെ നിര്‍മ്മാണം. നിര്‍മ്മാണ സാമഗ്രികളുടെ അനുപാതത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ഇന്‍റര്‍ലോക്കിങ്ങ് കട്ടകളുടെ ഗുണമേന്മയ്ക്ക് ദോഷം ചെയ്യും. അതിനാല്‍, നിര്‍മ്മാണവേളയില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

സിമന്‍റോ മറ്റേതെങ്കിലും വസ്തുക്കളോ ഇല്ലാതെ പരസ്പരം ലോക്ക് ചെയ്ത് ഭിത്തി കെട്ടാമെന്നതാണ് ഇന്‍റര്‍ലോക്ക് കട്ടകളുടെ പ്രത്യേകത. വീടിന്‍റെ അകവും പുറവും പ്ലാസ്റ്ററിങ്ങിന്‍റെ ആവശ്യമില്ല എന്നതാണ് ഇന്‍റര്‍ലോക്ക് കട്ടകള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള മറ്റൊരു ഗുണം. പിന്നെ കട്ടകള്‍ക്ക് ആകര്‍ഷണീയമായ നിറമുള്ളതിനാല്‍ പെയിന്‍റ് ചെയ്യേണ്ട ആവശ്യവുമില്ല. ഈ കാരണങ്ങളാല്‍ നിര്‍മ്മാണ ചിലവില്‍ കുറവ് വരുകയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

കണ്‍സീല്‍ഡ് വയറിങ്ങ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍, നനയുന്ന ഭാഗങ്ങളില്‍ പ്ലാസ്റ്റര്‍ ചെയ്യുന്നതോ, പെയിന്‍റടിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ബാത്ത്‌റൂം പോലുള്ള എപ്പോഴും നനയുന്ന ഭാഗങ്ങളില്‍ പ്ലാസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. 1-2 മില്ലി മീറ്റര്‍ കനത്തില്‍ പ്ലാസ്റ്റര്‍ ചെയ്താല്‍ മതി. അതിനാല്‍, വീട് മുഴുവന്‍ പ്ലാസ്റ്റര്‍ ചെയ്താലും അധിക ചെലവ് വരില്ല.

പല വലുപ്പങ്ങളില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ ലഭ്യമാണ്. ഇന്‍റര്‍ലോക്ക് കട്ടകള്‍ ഉപയോഗിക്കുമ്പോള്‍ ഭിത്തികളുടെ ഉറപ്പിന്‍റെ കാര്യത്തില്‍ ആശങ്കവേണ്ട. ഇന്‍റര്‍ലോക്ക് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച വീടിനുള്ളില്‍ എപ്പോഴും തണുപ്പായിരിക്കും. അതിനാല്‍, ഫാന്‍, എസി എന്നിവയുടെ ഉപയോഗവും ഗണ്യമായി കുറയ്ക്കാം. വൈദ്യുതി ചെലവിലും കുറവുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. ഭാവിയില്‍ വീട് പൊളിച്ചു മാറ്റുമ്പോള്‍ ഇതേ കട്ടകള്‍ തന്നെ വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ ഇന്റര്‍ലോക്ക് കട്ടകള്‍ കെട്ടാന്‍ വിദഗ്ദ്ധരായ തൊഴിലാളികള്‍ ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *